Total Pageviews

Saturday, 7 April 2012



പിതൃഭ്യഃ സ്വധാ *

രിച്ചവര്‍ 
വെറും മണ്ടന്മാരാണെന്നാണ്
പലരുടെയും വിചാരം 
മരണവീട്ടില്‍ ചിലരുടെ 
പെരുമാറ്റം കണ്ടാല്‍ 
അങ്ങനെയാണു തോന്നുക.
എന്നാല്‍, മരിച്ചവരെപ്പോലെ
ഇത്ര ഔചിത്യമുള്ളവരാരുണ്ട് ?
അടുത്തു വന്ന് അലമുറയിടുന്നവരോട്
എത്ര സംയമനത്തോടെയാണ് 
അവര്‍ പെരുമാറുന്നത് ?
കപടനാട്യക്കാരെ അവര്‍ 
പരിഹസിച്ചു ചിരിക്കാറില്ല.
ദേഹത്തു റീത്തുകള്‍ കുന്നുകൂടി 
വീര്‍പ്പു മുട്ടുമ്പോഴും 
ഔപചാരികതയുടെ പേരില്‍ 
അവര്‍ അനങ്ങാതെ കിടന്നുതരുന്നു.
ജീവിച്ചിരിക്കുമ്പോള്‍ എങ്ങനെയുമാകട്ടെ 
മരിച്ചവരുടെ മാനം കാക്കാന്‍ 
നമുക്കു തീര്‍ച്ചയായും ബാധ്യതയുണ്ട്.
ഒരാള്‍ മരിച്ചാല്‍ പിന്നെ അയാള്‍ 
ജീവിച്ചിരിക്കുന്നവരുടെ  കോപ്രായങ്ങള്‍ 
കാണാതിരിക്കുന്നതു തന്നെയാണു നല്ലത് .
(അതുകൊണ്ടാണല്ലോ മരിച്ചാലുടനെ 
നാമവരുടെ കണ്ണുകള്‍ പൂട്ടുന്നത് ? )
പരേതന്‍ ഗതികെട്ട് 
എന്തെങ്കിലും പറഞ്ഞുപോകാതിരിക്കാന്‍
താടിയെല്ല് ഒരു നാടകൊണ്ട് 
തലയിലേയ്ക്കു ബലമായി 
ബന്ധിക്കുന്നതും ഉചിതം തന്നെ.
റീത്തുകളിലുപയോഗിക്കുന്ന
പഴകിയ പൂക്കളുടെ 
പുഴുങ്ങിയ ഗന്ധം അറിയാതിരിക്കാന്‍ 
പരേതന്റെ മൂക്കില്‍ 
പഞ്ഞി തിരുകുന്നതും നല്ലതാണ്,
ചുംബിക്കുന്നവരുടെ 
വായ്നാറ്റമറിയാതിരിക്കാനും
അതുപകരിക്കുമെന്നോര്‍ക്കുക.
കപടനാട്ട്യക്കാരെ 
കാലെടുത്തു തോഴിക്കാതിരിക്കാന്‍ 
കാലിലെ പെരുവിരലുകള്‍ തമ്മില്‍ 
ഒരു നാടകൊണ്ട് 
ബന്ധിക്കുന്നതും ബുദ്ധിയാണ്.
വേണ്ടസമയത്ത്  നാമിതെല്ലാം
ഓര്‍ത്തു ചെയ്തേ പറ്റൂ
പരേതരുടെ മാനം കാക്കാന്‍
നമുക്കു തീര്‍ച്ചയായും 
ബാധ്യതയുണ്ട്.

-------------------------------------------------------
* പിതൃക്കള്‍ക്ക് ദ്രവ്യം സമര്‍പ്പിച്ചുകൊണ്ട്‌ ചൊല്ലുന്ന മന്ത്രം.